അറബിക് കലണ്ടർ പ്രകാരം വല്ലിപ്പ മരിച്ചിട്ട് ഒരാണ്ട് തികഞ്ഞു. ഒരു ജീവിതത്തിൽ മറ്റുള്ളവരോട് വർത്തിക്കേണ്ടതിന്റെ രീതികളും സഹജീവി സ്നേഹവും അനുകമ്പയും അവരിൽ നിന്നാണ് മനസ്സിലാക്കിയത് .ഓരോ അനുഭവമായിട്ട് അതൊക്കെ കാണിച്ചു തന്നത് കൊണ്ട് തന്നെ അവരെപ്പറ്റി ഓർക്കാനും പറയാനും തുടങ്ങുമ്പോൾ വാക്കുകൾ ഇറങ്ങി വരാൻ മത്സരിച്ചു കൊണ്ടിരിക്കുന്നു.
കാരണം മറ്റൊന്നുമല്ല അവർ നമുക്ക് മുന്നിൽ ഇട്ടേച്ചു പോയ സ്നേഹ അനുഭവങ്ങളാണ്.ഒരിക്കൽ നാട്ടിലെ ഇതര സമുദായത്തിൽ പെട്ട രണ്ടു സഹോദരന്മാരുടെ മക്കൾ തമ്മിൽ തർക്കം മൂർച്ഛിച്ചു സംഘർഷത്തിലേക്ക് എത്തിയ അവസ്ഥയിൽ അവരെ വിളിച്ചു.
നിങ്ങൾ ഒരേ കുടുംമ്പത്തിലെ ഏട്ടൻ അനിയൻ മക്കളാണ് മറ്റുള്ളവരോട് ഓരോന്ന് പറയിപ്പിക്കാനാണോ നിങ്ങൾ അടികൂടാൻ നോക്കുന്നതെന്ന് പറഞ്ഞവരെ പിന്തിരിപ്പിച്ചു ഒരു സംഘർഷം നീക്കിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
കൂട്ട് കൂടുന്നതിൽ യാതൊരുവിധ മത ജാതി വേലിക്കെട്ടുകളും ആ വായിൽ നിന്ന് കേൾക്കാൻ സാധിച്ചിട്ടില്ല.കുട്ടിക്കാലം നല്ല അനുഭവങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും ധന്യമാക്കിയത് വല്ലിപ്പയുടെ നിറ സാന്നിധ്യമായിരുന്നു.ചെറുപ്പത്തിലെപോലെ തന്നെ വലിപ്പത്തിലും വല്ലിപ്പയുടെ കൈ പിടിച്ചു നാട്ടിലൂടെ ഒരുപാട് നടന്നിട്ടുണ്ട് അതൊക്കെ പറഞ്ഞറീക്കാൻ പറ്റാത്ത അനുഭൂതിയാണ്.
വല്ലിപ്പാക്ക് പീടികയിൽ കേറിയാൽ ഒരു ചായയും പത്രവും നിര്ബന്ധമായിരുന്നു ആ സമയത്തു അതിലൂടെ പോവാണെങ്കിൽ ഒന്ന് നമ്മളും കുടിക്കണം അല്ലെങ്കിൽ അവർ വാങ്ങിയ ചായയിൽ നിന്ന് അല്പമെങ്കിലും കുടിക്കണം അല്ലെങ്കിൽ ആളെ മട്ട് മാറൂം പിന്നെ ഒറ്റ ഡൈലോഗാ "ഇജ്ജ് എന്നാ ഇത്ര ബല്യ ആളായത് ഇന്കാറിയാം " ഇത് കേട്ടാ പിന്നെ അറിയാതെ ചായ കുടിച്ചു പോകും.അവസാന നാൾ വരെ വായനകളൊക്കെ കണ്ണടയുടെ സഹായമില്ലാതെ ആയിരുന്നു എന്നുള്ളത് ഒരു പ്രത്യേകതയായിരുന്നു.
വല്ലിപ്പ പോകുന്ന വഴിയിൽ മിഠായിക്ക് കാത്തിരിക്കുന്ന കുട്ടികളുണ്ടായിരുന്നു അത്ര വാത്സല്യത്തോടെ ആയിരുന്നു കുട്ടികളെ കണ്ടിരുന്നത്.പുഞ്ചിരിയും, പ്രകടമായ സ്നേഹവും ആ ജീവിതത്തിന്റെ മുഖ മുദ്രയായിരുന്നു.
കാൽ വേദന ഉണ്ടെന്നു പറഞ്ഞാൽ ഉഴിഞ്ഞു കൊടുക്കും പകരം പകരം ചില്ലറ തുട്ടുകൾ തന്നു സന്തോഷിപ്പിച്ച കുട്ടിക്കാലവും.ചെറുപ്പം തൊട്ട് തരുന്ന മുത്തവും , ആശ്ലേഷണവും അവസാന നാൾ വരെ ലഭിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.ജീവിതത്തിൽ അല്പ സമയമെങ്കിലും ശുശ്രൂഷിക്കാനും, അവരെ ഒന്നും രണ്ടും നടത്തിയത് ശൗച്യം ചെയ്യാൻ വരേ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നമുക്ക് കിട്ടുന്ന സ്നേഹങ്ങളാണ് മറ്റുള്ളവരിൽ നമുക്കുള്ള മറകളെ ദൂരീകരിക്കുന്നതെന്നാണിതിൽ നിന്നൊക്കെ മനസ്സിലാക്കാൻ സാധിച്ചത്.
ജീവിതത്തിൽ ഒരിക്കലും ആ മുഖത്തോട് വെറുപ്പ് തോന്നിയിട്ടില്ല, ഏത് പ്രതിസന്ധിയും ഇറക്കി വെക്കാനും സ്വന്തം മനസ്സിനെ കുളിരണിയിപ്പിക്കാനും അത്ര തന്നെ കഴിയുന്ന ഒരാൾ ഇനിയുള്ള എന്റെ ജീവിതത്തിൽ കടന്നു വരുമെന്ന പ്രതീക്ഷയില്ല.മുഹിബ്ബിന്റെ ഖൽബ് ത്രസിക്കുന്ന ഒരായിരം അനുഭവങ്ങളിലൂടെ അവരിന്നും ജീവിക്കുന്നു. അവരുടെ ആഖിറം സന്തോഷത്തിലാകാൻ തമ്പുരാൻ തൗഫീഖ് നൽകട്ടെ !
ആമീൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ