2022, നവംബർ 14, തിങ്കളാഴ്‌ച

കലാലയ സ്മരണകൾ

കഴിഞ്ഞ ദിവസം സബ് ജില്ലാ കലോത്സവം നടക്കുന്ന  വി.പി. കെ.എം. എം. എച്ച്. എസ്. എസ് പുത്തൂർ പള്ളിക്കൽ  സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു.അവിടം കണ്ടത് മുതൽ ഞാൻ വിദ്യാർത്ഥിയായ ഈ കലാലയ കാലത്തേക്ക് മനസ്സ് പായുകയായിരുന്നു.


 കവാടം കടന്നത് മുതൽ വിവിധ സ്റ്റേജിലായി നടക്കുന്ന പരിപാടികളുടെ ശബ്ദങ്ങൾ കാതിൽ അലയടിക്കുന്നുണ്ട് എന്നിരുന്നാലും ഓർമ്മയിലേക്ക് ഓടിയെത്തിയത് പഠന കാലത്ത് നടന്ന കലാലയ  ഓർമ്മകളും ചിന്തകളും,

ആ ദിവസങ്ങളിൽ മനസ്സിൽ  സന്തോഷം നിറച്ച പല മുഖങ്ങളുമായിരുന്നു.


സ്കൂളിൻറെ മുറ്റത്തിലൂടെ നടന്നപ്പോൾ അന്നത്തെ ഓർമ്മ മാത്രമല്ല കൗമാര പ്രായത്തിലെ രക്തത്തുടിപ്പ് കൂടിയായിരുന്നു എന്നിലേക്ക് തിരികെ വന്നത്.പഠിക്കുന്ന കാലത്ത് എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ച ആ കാലം തിരിച്ചു കിട്ടിയെങ്കിൽ എന്ന് വേദനയോടെ ആഗ്രഹിച്ചു കൊണ്ടായിരുന്നു ഓരോ പാടിയും മുന്നോട്ട് ഗാമിച്ചത്.


 പഠിച്ച ക്ലാസുകൾക്ക് മുന്നിലൂടെ,നടന്ന വരാന്തയിലൂടെ വഴിയിലൂടെ യൊക്കെ നടന്നു നീങ്ങുമ്പോൾ അന്നത്തെ പല ഓർമ്മകളും ഉള്ളിൽനിന്ന് തികട്ടി വന്നു കൊണ്ടിരുന്നു.


 പുറത്തിരുന്നതും,അകത്തിരുന്നതും,

അകത്തുനിന്ന് പുറത്തേക്ക് പോകാൻ പറഞ്ഞതും,എഴുതാനും, എഴുതിപ്പിക്കാനും, പറയാനും, പറയിപ്പിക്കാനുമൊക്കെ  ആയിട്ടുള്ള ഓർമ്മകൾ ഒരു ചിരി നൽകുന്ന സന്തോഷത്തോടെ മനസ്സിൽ ഓർത്തെടുത്തായിരുന്നു ആ നടത്തമെങ്കിലും ,അന്ന് പഠിച്ച സാഹചര്യത്തിൽ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് അവിടെ വന്നത് എന്നുള്ള ഒരു എത്തിനോട്ടമായിരുന്നു കണ്ണിൽ.


പഴയ ഓർമ്മകൾ കൂടുതൽ തിരിച്ചുകൊണ്ടുവരുന്ന എല്ലാ ആളുകളി ലേക്കും,സ്ഥലങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും പോകാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.


 ചുറ്റിക്കറങ്ങാൻ കൂട്ടായി കലാലയ കാല കൂട്ട് അബു,സലാം, മുജീബ്,ഹബീബ്,ഇർഷാദ്,അഷ്‌റഫ് തുടങ്ങിയവർ കൂടി ഉണ്ടായപ്പോൾ  നടത്തം കൂടുതൽ സന്തോഷത്തിലായി.


ഹൈ സ്‌കൂളിലും, ഹയർ സെക്കൻഡറി ക്ലാസിലും പഠിപ്പിച്ചതും അല്ലാത്തതുമായ  ഗുരുക്കന്മാരെ കണ്ടു കുശലാന്വേഷണം നടത്തി പരിചയം പുതുക്കി.


പലരും പേര് വിളിച്ചു വിശേഷങ്ങൾ ചോദിച്ചപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷവും,കുളിരും അനുഭവപ്പെട്ടു. 


വിദ്യാർത്ഥിയായി തിരികെ വരാൻ കഴിയില്ലെങ്കിലും കലാലയ ഓർമ്മകൾ അയവിറക്കി ആനന്ദം കണ്ടെത്താൻ വീണ്ടും വീണ്ടും വന്നു പോകുമെന്ന് മനസ്സിൽ കരുതിക്കൊണ്ട്   മനസ്സില്ലാ മനസ്സോടെ ജീവിതത്തിരിക്കിലേക്ക് വീണ്ടും....


10.11.2022

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ