2023, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

കലാലയം ആശ്വാസ സമയം

 കലാലയം ആശ്വാസ സമയം

✍️ സൂഹൈൽ പി . ടി
ഈത്തച്ചിറ ✍️
കാണുമ്പോൾ ദുഃഖവും അതുപോലെ തന്നെ സന്തോഷവും നൽകുന്ന ഒരു മോണാലിസ ചിത്രമായാണ് കലാലയങ്ങളെ തോന്നുന്നത്.കാരണം സ്കൂളും , പരിസരവും കാണുമ്പോൾ ഈ നല്ലകാലം അവസാനിച്ചല്ലോ എന്നുള്ള വേദന ഒരുഭാഗത്ത് ഉണ്ടാകുമ്പോൾ, മറുഭാഗത്ത് കലാലയ കാലത്തെ ഓർമ്മകൾ അയവിറക്കുമ്പോ കിട്ടുന്ന സന്തോഷമാണ്.
സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചാണ് കൂടുതലും ചിന്ത പോകുന്നത് എന്നതുകൊണ്ട് തന്നെ സ്കൂളും ആ കാലത്തെ ഗുരുക്കന്മാരെ കാണുകയും അവരുമായിട്ട് പഴയകാല ഓർമ്മകളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയും ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
ഇടക്കൊക്കെ സ്ക്കൂൾ സന്ദർശിച്ച് പ്രത്യേകിച്ച് കലോത്സവ സമയങ്ങളിൽ പരിപാടി ദർശിച്ചും, പഴയ സ്കൂൾ ഓർമ്മ പുതുക്കലും മനസ്സിന് സന്തോഷവും കുളിരും കിട്ടുന്ന വലിയ കാര്യമാണ് .അധ്യാപകരുടെ മുന്നിൽ വരുമ്പോൾ ,അവരുടെ അടുത്ത് ഇരിക്കാൻ പറയുമ്പോൾ,അവരുടെ അടുത്ത് ഇരുന്ന് സംസാരിക്കുകയാണെങ്കിൽ പോലും ഒരു ഉറച്ച ഇരുത്തം ഇരിക്കൽ ഒരു പ്രയാസമായി തോന്നാറുണ്ട്.അതൊരു ആദരവ് കൊടുക്കൽ കുറവാകുമോ, അവരെന്തെങ്കിലും കരുതുമോ എന്നതാണ് അതിന് നിദാനമായി വരുന്നത്.
നമ്മുടെ കുഞ്ഞു പ്രായത്തിലെ കലാലയ ഗുരുക്കന്മാർ ദശകങ്ങൾ കഴിഞ്ഞിട്ടും നമ്മളെ ഓർക്കുക എന്നുള്ളത് തന്നെ വലിയൊരു അംഗീകാരവും, സന്തോഷവുമായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.
ടീച്ചറെ കുട്ടികൾക്ക് ഓർക്കാനും, ഓർമ്മയിൽ നിന്നെടുക്കാനും എളുപ്പവും, അത്ര തന്നെ മികവ് പുലർത്താത്ത അല്ലെങ്കിൽ കഴിവ് പ്രകടിപ്പിക്കാത്ത വിദ്യാർത്ഥികളെ അധ്യാപകർ ഓർക്കുന്നു അവരെ പേരെടുത്ത് വിളിക്കുക എന്നുള്ളതൊക്കെ ആ കുട്ടിക്ക് വലിയ കാര്യമാണ്. ആ വിളി കേൾക്കുമ്പോ ഉള്ളിൽ ഉണ്ടാവുന്ന കുളിരുണ്ടല്ലോ
"ൻ്റെ സാറേ"
പറഞ്ഞറീക്കാൻ സാധിക്കില്ല.
അധ്യാപകരെ കണ്ടാൽ മിക്കപ്പോഴും പഴയവരും, പുതിയവരും തമ്മിലുള്ള വ്യത്യാസമാണ് സംസാരത്തിൽ വരാറ്. പഴയ കുട്ടികൾക്ക് വലിയ ആദരവും,ബഹുമാനവും കാണിക്കലായിരുന്നു, ഇന്നതിൽ വലിയ മാറ്റം ഉണ്ട് എന്നുള്ളതും,വലിയ കുരുത്തക്കേടിനും ഇന്ന് ശിക്ഷ കൊടുക്കുകയാണെങ്കിൽ പോലും പേടിക്കേണ്ട അവസ്ഥയാണ് എന്നുള്ളതുമൊക്കെ സങ്കടം അയവിറക്കുന്ന പോലെയാണ് തോന്നിയത്.
നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ കുറിച്ച് നമുക്ക് അറിവുണ്ടാവുക എന്നുള്ളത് വലിയൊരു തിരിച്ചറിവാണ്.വലിയ തിരക്കാണെങ്കിലും എത്ര വലിയ അത്യാവശ്യത്തിലാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ സമയം കണ്ടെത്തണം എന്നുള്ള ഒരു വലിയ ഉപദേശമാണ് ഗുരുവിൽ നിന്ന് ലഭിച്ചത്.നാമൊക്കെ എത്ര വളർന്നാലും അവർക്കൊക്കെ നാമിപ്പോഴും ആരുടെ കുട്ടികളാണ് എന്നുള്ള ചിന്തയാണ് ഇപ്പോഴും ഉപദേശം തരാൻ അവരെ പ്രേരിപ്പിക്കുന്നത് എന്നും തോന്നുന്നു.
ഒരുപാട് കുട്ടികളുമായി ഇടപെടുന്നതുകൊണ്ടും , കുട്ടികളെ കണ്ട പരിചയം കൊണ്ടും കുട്ടികൾ എങ്ങനെയൊക്കെ ആവാം ,എങ്ങനെയൊക്കെ പോകാം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉള്ളതുകൊണ്ടുമായിരിക്കും അങ്ങനെ ഒരു ഉപദേശം തരാൻ ഗുരു താല്പര്യപ്പെട്ടത് എന്ന് കരുതുന്നു.
ഒരുപാട് സന്തോഷങ്ങളും സ്നേഹങ്ങളും തന്നുകൊണ്ട് ദിവസത്തെ സന്തോഷത്തിന്റെ വലിയൊരു നിറക്കൂട്ടാക്കിയ ഗുരുനാഥരെ സ്നേഹത്തോടെ ഓർത്തു കൊണ്ടും ,ഓർമ്മയിൽ ഉണ്ടാവണം എന്നും പ്രത്യേകിച്ച് പ്രാർത്ഥന വേളയിലാവണം അത് എന്നോർമ്മിപ്പിച്ച് കൊണ്ടും, വീണ്ടും സന്ദിക്കും വരേക്കും വണക്കം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആ സന്തോഷ പകലിൽ നിന്ന് നേരെ വീട്ടിലേക്ക്....
21.09.2023

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ