2023, ഫെബ്രുവരി 28, ചൊവ്വാഴ്ച

"വീണ്ടും കലാലയ മുറ്റത്തെത്തിയപ്പോൾ"

 "വീണ്ടും കലാലയ മുറ്റത്തെത്തിയപ്പോൾ"

✍️സുഹൈൽ പി.ടി
ഈത്തച്ചിറ✍️
ഇന്നത്തെ ദിവസം വളരെ സന്തോഷത്തിൽ അതിലേറെ ആഹ്ലാദത്തിൽ കഴിഞ്ഞുപോയി. ജീവിത ചരിത്രത്തിൽ വളരെ ഒരു നാഴികക്കല്ലായിട്ട് ഈ ദിവസം രേഖപ്പെടുത്തുക തന്നെ ചെയ്യും കാരണം ഈ ജീവിതായുസിൽ വീണ്ടും ഒരു കണ്ടുമുട്ടൽ ഉണ്ടാകും എന്ന് സ്വപനത്തിൽ പോലും പ്രതീക്ഷിക്കാത്ത പല പ്രിയ മുഖങ്ങളും ഇന്നലെ കണ്ടപ്പോൾ തികച്ചും ആശ്ചചര്യവും അത്ഭുതവും കൂറി. ഓരോ മുഖവും ഓരോരോ ഓർമ്മകളായിട്ടാണ് മനസ്സിലൂടെ കടന്നു പോയത്.
ജീവിതം എത്ര വലുതായാലും എത്ര ഉന്നതിയിലായാലും അവിടെയെന്നും ദർശിക്കാൻ കഴിയാത്ത അത്രയ്ക്ക് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു ഇന്നിന്റെ പകൽ മുഴുവനും സമ്മാനിച്ചത്.
കോലം കൊണ്ടും കല കൊണ്ടും കഴിവ് കൊണ്ടും പലർക്കും ഒന്നുമല്ലാതിരുന്നതിരുന്നവർക്ക് മുന്നിലും കലാലയം ഇന്ന് ഓർമ്മയുടെ രൂപത്തിൽ വ്യത്യസ്ത താളമിടുകയായിരുന്നു.
ആരൊക്കെയോ ആവുമെന്ന് തോന്നിച്ച പലരും ആരുമാവാതെ,ആരുമാവാതെ പോകുമെന്ന് തറപ്പിച്ചുറപ്പിച്ച പലരും ആരൊക്കെയോ ആയി എന്ന തോന്നലും പല കണ്ണുകളുടെ നോട്ടവും പറയാതെ പറയുന്നുണ്ടായിരുന്നു.
ഇന്നലെ എന്തായിരുന്നു എന്നതിലുപരി ഇന്ന് എന്ത് നാളെ എന്ത് ?, ആര് ? എന്നതിൽ പ്രത്യേകമായ കാര്യമുണ്ടെന്ന പഠനം ഓരോരുത്തർക്കും മനസ്സിലാക്കി തന്നു ഈ സംഗമം.
പ്രതീക്ഷ മങ്ങി പതിരിന് വളം വെക്കുകയാണ് എന്ന രീതിയിൽ അധ്യാപകർ പോലും കൈകാര്യം ചെയ്ത ഇന്നലത്തെ ക്ലാസിലെ പല കുട്ടികളും ഇന്ന് ശരീരവും മനസ്സും മാത്രമല്ല അവരൊക്കെ എത്താൻ സാധ്യതയുള്ള എല്ലാ വരമ്പും ഭേദിച്ചു പരന്നൊഴികിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു.
നമ്മൾ അന്നും ഇന്നും ഒരുപോലെയാവുക എന്നുള്ളത് നല്ല ശീലമായി എണ്ണാൻ സാധിക്കില്ല.മാറ്റത്തിന് വിധേയമായി മാറ്റുള്ള മുല്യമുള്ള ഒന്നിലേക്ക് നാം നടന്നടുക്കുമ്പോഴാണ് നമ്മെ പ്രത്യേകമായി മാറ്റി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കൂട്ടത്തിൽ കൂട്ടുന്നത്.
പല മുഖങ്ങളിലും അവർ ദർശിച്ച കാഴ്ചകൾ കേൾവികൾ അവരുടെയൊക്കെ ഉളളിൽ ഞെട്ടലുകൾ ഉണ്ടാക്കിയോ എന്ന തോന്നൽചില നോട്ടങ്ങൾ കണ്ടപ്പോൾ തോന്നി .
അന്ന് ക്ലാസിലെ തന്നെ മുഴുവൻ ആളുകൾക്ക് പോലും ഓർമ്മയിലില്ലാത്ത പല ആളുകളും ഇന്ന് ഒറ്റ നോട്ടത്തിൽ തന്നെ നോട്ട് ചെയ്യുന്ന രീതിയിൽ മാറിയിരിക്കുന്നു.
പല വട്ടം ഓർമ്മയിൽ മഷിയിട്ടു നോക്കിയിട്ടും തെളിഞ്ഞു വരാതെ വന്നപ്പോൾ എനിക്ക് ഓർമ വരുന്നില്ല നീ ആ ക്ലാസിൽ തന്നെ ഉണ്ടായിരുന്നോ ? എന്ന് ചോദിച്ചവരും വന്നവരിൽ ഉണ്ടായിരുന്നു.
ഓർമ്മയിലെ ഓരോരോ പേജുകൾ തുറക്കാൻ താക്കോൽ തന്നിട്ട് ഇഷ്ടമുള്ള ഓർമ എടുത്തോ എന്ന് പറഞ്ഞാണോ അവരൊക്കെ മുന്നിലൂടെ നടന്നു പോയതെന്ന് തോന്നി.
അവിടെ ഒരുക്കിയ മിഠായിത്തരങ്ങളും,ഉപ്പിലിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞ ഓർമ്മകൾ അയവിറക്കുന്ന മധുരമുള്ള ഒന്നായി മാറി.ഉച്ചയിൽ കത്തുന്ന വയറിന്റെ കാളൽ കുത്തിക്കെടുത്താൻ സഹായിച്ച മിഠായികളും അവിടെ നിരത്തി വെച്ചതിൽ കണ്ടു.
അത് പോലെ ഓരോരോ ചുമരുകൾക്കും ,ഓരോരോ തൂണുകൾക്കും ഓരോരോ ചരിതങ്ങളാണ് നമ്മളോടൊക്കെ പറയാനുണ്ടായിരുന്നത്.
കലാലയത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഓർമ്മകളായി കൊത്തി വെച്ചത് മറ്റുള്ളവർക്ക് വായിക്കാൻ കഴിയാത്ത അവനവന് മാത്രം തിരിയുന്ന ലിപിയിലായത് നമ്മളിൽ പലർക്കും ഭാഗ്യമായി.
നല്ല നല്ല ഓർമ്മകൾ രചിക്കുക എന്നുള്ളതാണ് ഓരോരോ വ്യക്തികളും തന്റെ ജീവിതത്തിൽ ചെയ്തു വയ്ക്കേണ്ട കാര്യം എന്ന് ഈ സംഗമം നമ്മെ ഓർമിപ്പിച്ചു. മിണ്ടിയും, പറഞ്ഞും, കളിച്ചും, ചിരിച്ചും, ഇന്നലെ കഴിച്ചുകൂട്ടിയ പലർക്കും ഇന്ന് അത് വളരെ വളരെ മധുരമുള്ള ഒന്നായിട്ട് തന്നെ അനുഭവത്തിൽ വന്നു.
കളി ചിരിയുമായി നടന്ന പല ആളുകളും എല്ലാവർക്കും ഒറ്റനോട്ടത്തിൽ തന്നെ തിരിയുന്ന രീതിയിലേക്ക് അവർ മറ്റുള്ളവരുടെ മനസ്സിൽ എഴുതപ്പെട്ടിരുന്നു .
കൂട്ടുകാരെ കാണണം അവരോടു കൂട്ടമായിരുന്നു സംസാരിക്കണം എന്ന് ചിന്തയുള്ള ഒരു പറ്റം കൂട്ടുകാരിൽ നിന്നുണ്ടായ കൂട്ടായ്മയാണ് നമുക്ക് കലാലയ മുറ്റത്ത് വീണ്ടും ഇങ്ങനെയൊരു ഒത്തുകൂടൽ അവസരം ഒരുക്കിയത് .
വ്യത്യസ്ത ഭാഗങ്ങളിൽ ചിതറിക്കിടന്ന നമ്മളെ ഓരോരുത്തരെയും കണ്ണികളായി ചേർത്തുകൊണ്ട് നമ്മുടെ പഴയ കലാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ ഓരോ പ്രിയപ്പെട്ടവരെയും അതുപോലെ കലാലയ കാലത്തും ജീവിതകാലത്തും ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഗുരുക്കന്മാരേയും, കൂടെ നടന്നു പല കാര്യങ്ങളും പഠിപ്പിച്ചു തന്ന കൂട്ടുകാരേയും എന്നും ഹൃദയത്തിൻറെ ഭാഷയിൽ ഓർത്തുകൊണ്ട് അവരെ ഹൃദയത്തിൽ ചേർത്ത് കൊണ്ട് അവർക്ക് ക്ഷേമഐശ്വങ്ങൾ നിറയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്........
10.01.2023

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ