2018 ഒക്‌ടോബർ 28, ഞായറാഴ്‌ച

"ടിപ്പു അറിയേണ്ടതും പറയേണ്ടതും"


17 mins
"ടിപ്പു അറിയേണ്ടതും പറയേണ്ടതും"
സുഹൈല് പി.ടി
ഈത്തച്ചിറ
ചരിത്രത്തിൽ തിരഞ്ഞ് നോക്കിയാൽ ടിപ്പുസുൽത്താൻ ദീർഘദൃഷ്ടിയും നേതൃപാടവവും ഉള്ള ഒരു ഭരണാധികാരിയായിരുന്നുവെന്ന് നേരായ രീതിയിൽ ചരിത്രം മനസ്സിലാക്കുന്ന ഏതൊരാൾക്കും അറിയാൻ സാധിക്കുക്കും .ചില ചരിത്ര വ്യഭിചാരികൾ അദ്ദേഹത്തെ വളരെ ഹീനവും നിന്ദ്യവുമായ രീതിയിൽ ചിത്രീകരിക്കുന്നു. പക്ഷേ യാഥാർത്യം തിരിച്ചാണ് എന്നുള്ളത് നേരായ ചരിത്രം ബോധ്യപ്പെടുത്തിത്തരുന്നു.
ചരിത്രത്തിലാണെങ്കിലും വർത്തമാനത്തിലാണെങ്കിലും അറിഞ്ഞ കാര്യങ്ങൾ അറീക്കൽ നമ്മുടെ ബാധ്യതയാണ് സ്വീകരിക്കലും തിരസ്ക്കരിക്കലും വ്യെക്തിപരവുമാണ്.
'നൂറ്റാണ്ടുകളുടെ പ്രൗഢിയിൽ പുത്തനങ്ങാടി പള്ളി' എന്ന മഹല്ല് കമ്മറ്റി പ്രസിദ്ധീകരണത്തിൽ നിന്ന് കിട്ടിയ ഒരു സംഭവം പറയുന്നത് നല്ലതെന്ന് തോന്നുന്നത് കൊണ്ട് ഇവിടെ കുറിക്കുന്നു.
ടിപ്പുസുൽത്താന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പുത്തനങ്ങാടിപള്ളിയിലെ ആറാമത്തെ ഖാസിയായിരുന്നു ഖാസി അബ്ദുള്ള മുസ്‌ലിയാർ (റ). വലിയ പണ്ഡിതനും സൂഫിയും എഴുത്തുകാരനുമായിരുന്ന ഇദ്ദേഹം കാലില്ലാത്ത ഉപ്പാപ്പ എന്ന പേരിലാണ്‌ പിൻകാലങ്ങളിൽ അറിയപ്പെട്ടത്‌. അദ്ദേഹത്തിന്‌ ആ പേരുവരാനുണ്ടായ കാരണം ഇപ്രകാരമാണ്‌.
അബ്ദുള്ള മുസ്‌ലിയാർ എന്നൊരു മഹാപണ്ഡിതൻ മലബാറിലെ പുത്തനങ്ങാടിയിൽ ഉണ്ടെന്നറിഞ്ഞ ടിപ്പുസുൽത്താൻ ശ്രീരംഗപട്ടണത്തെ തന്റെ കൊട്ടാരത്തിലെ മുഫ്ത്തിയും ആലാ മസ്ജിദിലെ ഖാസിയുമായി അബ്‌ദുള്ള മുസ്‌ലിയാരെ നിയമിക്കാൻ തീരുമാനിച്ചു. അബ്ദുള്ള മുസ്‌ലിയാരെ കൂട്ടിക്കൊണ്ടുവരുവാനായി ഒരു ദൂതനെ പുത്തനങ്ങാടിയിലേക്ക്‌ ടിപ്പുസുൽത്താൻ പറഞ്ഞുവിട്ടു. എന്നാൽ ഖാസി ഉപ്പാപ്പ എന്നറിയപ്പെട്ടിരുന്ന അബ്‌ദുള്ള മുസ്‌ലിയാർ പുത്തനങ്ങാടി വിട്ടുപോകാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം സുൽത്താന്റെ ക്ഷണത്തെ സ്നേഹപൂർവ്വം നിരസിച്ചു. ഇതറഞ്ഞ ടിപ്പുസുൽത്താൻ തന്റെ സൈനിക ഉദ്യോഗസ്ഥരെ വിട്ട്‌ ഖാസിയെ ബലമായി പിടിച്ചുകൊണ്ടുവരാൻ ഉത്തരവിട്ടു. സൈനികർ അദ്ദേഹത്തെ ശ്രീരംഗപട്ടണത്തേക്ക്‌ പിടിച്ചുകൊണ്ടുപോയി. സുൽത്താന്റെ കൽപന മറികടക്കാൻ സാധിക്കാത്തതിനാൽ ഖാസി ഉപ്പാപ്പ ആലാമസ്ജിദിലെ ഖാസിയായും കൊട്ടാരത്തിലെ മുഫ്ത്തിയുമായി നീണ്ട പത്തുവർഷക്കാലം സേവനമനുഷ്ടിച്ചു. ഇത്രകാലം കഴിഞ്ഞിട്ടും സ്വദേശത്തേക്ക്‌ തിരിച്ചുപോകാൻ ടുപ്പുസുൽത്താൻ സമ്മതിക്കാത്തതിനാൽ ഒരു ദിവസം ആരുമറിയാതെ ഖാസി മലബാറിലേക്ക്‌ യാത്രയായി. പുത്തനങ്ങാടിയിലെ ജനങ്ങൾ ആഘോഷപൂർവ്വം ഖാസിയെ സ്വീകരിച്ചെങ്കിലും ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ടിപ്പുസുൽത്താൻ വിവരമറിയുകയും ഖാസിയെ പിടിച്ചുകൊണ്ടുവരാൻ സൈനിക ഉദ്യോഗസ്ഥരോട്‌ കൽപ്പിക്കുകയും ചെയ്തു. സൈനികർ ഖാസിയെ വീണ്ടും ശ്രീരംഗപട്ടണത്തേക്ക്‌ പിടിച്ചുകൊണ്ടുപോയി സുൽത്താന്റെ മുന്നിൽ ഹാജരാക്കി. ഖാസിയോട്‌ സുൽത്താൻ ഇപ്രകാരം പറഞ്ഞു. "നീണ്ട പത്തുവർഷം നിങ്ങൾ ഇവിടെ ന്യായാധിപനായി ജോലിചെയ്തു. നിരവധി പ്രശ്നങ്ങൾക്ക്‌ നിങ്ങൾ മതനിയമപ്രകാരം വിധികൽപ്പിക്കുകയും ചെയ്തു. ഇതാ ഇപ്പോൾ നിങ്ങളുടെ പേരിൽ തന്നെ ഒരു വിധി നടപ്പിലാക്കേണ്ട ഘട്ടം വന്നിരിക്കുന്നു. ഭാരിച്ച ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിനിടക്ക്‌ നിയമാനുസൃതമല്ലാതെ നിങ്ങൾ ഇവിടം വിട്ട്‌ ഓടിപ്പോയിരിക്കുന്നു. എന്തു ശിക്ഷയാണ്‌ നിങ്ങൾക്ക്‌ നൽകേണ്ടതെന്ന് നിങ്ങൾ തന്നെ സ്വയം വിധിക്കുക". ഇതുകേട്ട ഖാസി, തനിക്ക്‌ മാത്രമായി ഒരു വിട്ടുവീഴ്ച നൽകേണ്ടതില്ല എന്നും താൻ തിരിച്ചുപോയത്‌ അനീതിയെങ്കിൽ തന്റെ വലതുകാൽ മുറിച്ചുമാറ്റിക്കൊള്ളുക എന്നും ശിക്ഷ വിധിച്ചു. സുൽത്താന്റെ സൈനികർ ശിക്ഷ നടപ്പിലാക്കി. വലതുകാൽ മുറിച്ചുമാറ്റപ്പെട്ട പുത്തനങ്ങാടി പള്ളിയിലെ ആറാമത്തെ ഖാസി, അബ്ദുള്ള മുസ്‌ലിയാർ (റ) അങ്ങനെ കാലില്ലാത്ത ഉപ്പാപ്പ എന്നറിയപ്പെടാൻ തുടങ്ങി. ഈ വിവരങ്ങൾ അറിഞ്ഞപ്പോൾ ടിപ്പുസുൽത്താന്റെ മാതാവിന്‌ വളരെയധികം വിഷമമുണ്ടായി. ഖാസിയോട്‌ ചെയ്തത്‌ അനീതിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. മാതാവിന്റെ ഉപദേശപ്രകാരം സുൽത്താൻ ഖാസിയെ നാട്ടിലേക്ക്‌ തിരിച്ചയച്ചു. ശിഷ്ടകാലം അദ്ദേഹം പുത്തനങ്ങാടിപള്ളിയിൽ ഖാസിയായി സേവനമനുഷ്ടിച്ചു. അങ്ങനെ നാട്ടുകാർ അദ്ദേഹത്തെ കാലില്ലാത്ത ഉപ്പാപ്പ എന്ന് വിളിക്കാൻ തുടങ്ങി.
അദ്ദേഹത്തെ പ്രത്യേകം മതത്തിൻറെ വക്താവായി ചുരുക്കാൻ ശ്രമിക്കുന്ന തൽപരകക്ഷികൾക്ക് ഈ ചരിത്രം ചിലകാര്യങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്. നിയമവും നിയമവ്യവസ്ഥയും ഓരോ വ്യക്തികൾക്കും മുന്നിലും ഒന്നായിരുന്നുവെന്നും പണ്ഡിതനും പാമരനും നിയമത്തിന്റെ മുന്നിൽ സമന്മാരായിരുന്നു എന്നുള്ളതും ഈ സംഭവം നമുക്ക് കാണിച്ചു തരുന്നു.
നമ്മൾ ചരിത്രം പഠിക്കണം അത് പഠിപ്പിക്കണം അല്ലെങ്കിൽ നേരായ സത്യസന്ധമായ ചരിത്ര പരിഷ്കർത്താക്കളെ നമ്മൾ മോശമായ രീതിയിൽ സഭ്യമല്ലാത്ത രീതിയിൽ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരും എന്നുള്ള വസ്തുത നാം മറന്നുകൂടാ. ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചടുത്തോളം ഏറ്റവും ആവേശവും അതിലേറെ സന്തോഷവും നൽകുന്ന ഒരുപാട് മുന്നേറ്റങ്ങൾ നടത്തിയ ധീര നേതാവായിരുന്നു ടിപ്പു.
ഓരോ രാജാവും തൻറെ തൻറെ അധികാരപരിധി വ്യാപിപ്പിക്കാൻ പടയോട്ടങ്ങൾ നടത്തൽ പതിവായിരുന്നു.യുദ്ധ വേളയിൽ കൂടുതൽ സമ്പത്ത് എവിടെയാണോ സൂക്ഷിക്കാൻ സാധ്യത അവിടെയൊക്കെ അക്രമവും നടന്നിട്ടുണ്ടാവും അതിനു പള്ളി, അമ്പലം,ചർച്ച് മഠം എന്നീ വ്യെത്യാസം ഉണ്ടാകില്ല.രാജാവിന്റെ മതം പിടിച്ചു അല്ലെങ്കിൽ പ്രത്യായ ശാസ്ത്രം നോക്കി അതിനെയോക്കെ വർഗീയവും ജാതീയവുമാക്കുന്ന പ്രവണതക്കാരോട് പരിതപിക്കാനേ തരമുള്ളൂ.
നമ്മളെ പലരുടെയും ചട്ടുകങ്ങളാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് നാം തിരിച്ചറിയണം.ചരിത്രത്തിൽ നിന്നും ചരിത്ര പുരുഷന്മാരിൽ നിന്നും നാം വർത്തമാന കാലത്തിനും ഭാവിക്കും ഗുണമുള്ളത് എടുക്കുക. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടി ശ്രമം നടത്തുന്ന കുത്സിത ബുദ്ധികൾ നമുക്കിടയിൽ ഉണ്ട് എന്നുള്ളത് നാം മനസ്സിലാക്കി പ്രവർത്തിക്കുക.പഴമക്കാർ അവരുടെ ചെറിയ സാമ്രാജ്യം വലുതാക്കാൻ വേണ്ടിയാണ് യുദ്ധം നടത്തിയത് സാമാന്യബോധം നാം ഉള്ളിൽ കുടിയിരുത്തണം. അല്ലെങ്കിൽ ചരിത്രപരമായി അവരിൽനിന്നും നാം പഠിക്കേണ്ട ഉൾക്കൊള്ളേണ്ട ഒരുപാട് പരിഷ്കാരങ്ങൾ , ഉപകാരപ്രദമായ കാര്യങ്ങൾ നാം കാണാതെ പോകുകയും നമുക്കത് നഷ്ടമാവുകയും ചെയ്യും. ചരിത്രം അറിയണം സ്വയം തിരുത്താനും തിരുത്തിക്കാനും വേണ്ടിയാവണമത് ഛിദ്രതയുണ്ടാക്കാനാവരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ