2019 ജൂലൈ 13, ശനിയാഴ്‌ച

വെളിച്ചം

മനുഷ്യമനസ്സും മണ്ണും ഒരുപോലെയാണത്രേ കാരണം നാമെത്ര കണ്ടു ശ്രദ്ധിക്കുന്നുവോ എത്രകണ്ട് സംരക്ഷിക്കുന്നുവോ അത്രകണ്ട് മാറ്റത്തിനും അല്ലെങ്കിൽ അത്ഭുതമായ വ്യത്യാസങ്ങൾക്കും വ്യതിയാനങ്ങൾക്കും പാത്രമാകാൻ സാധിക്കുന്ന ഒന്നാണത്രെ മനസ്സ്.

ചില മനസ്സുകൾ നമ്മളുമായി ചേരുമ്പോൾ നാം എത്തിപ്പെടുന്ന സാധ്യതകൾ നാം ഒരിക്കലും ചിന്തിക്കാത്ത അല്ലെങ്കിൽ സാധ്യതയിൽ പോലും കാണാത്തതോ അയ ഉന്നതിയിൽ ആവും എന്നുള്ളതാണ് പല ആത്മബന്ധങ്ങൾ നമ്മോട് വിളിച്ചോതുന്നത്.

കാഴ്ചയിൽ എല്ലാം ഒരു പോലെ തോന്നിക്കുന്ന മനുഷ്യർ ചിലർ ചിലരുമായി ചേരുമ്പോൾ അവിടെ പിറക്കുന്നത് അത്ഭുതങ്ങളാണ്.

അങ്ങനെ ഒരു അത്ഭുതം സൃഷ്ടിക്കാൻ കഴിവുള്ള ഒരു മനസ്സുമായിട്ടാണ് ഞാനിപ്പോൾ ചേർന്നിട്ടുള്ളത്. അടുത്തുനിന്ന് കണ്ടപ്പോൾ കേവലം ഒരു കല്ലിനോട് തോന്നുന്ന അല്ലെങ്കിൽ ഒരു വസ്തുവിനോട് തോന്നുന്ന സ്വാഭാവിക ആത്മബന്ധം മാത്രമായിരുന്നു എനിക്ക് തോന്നിയിരുന്നത്.

പക്ഷേ അതിൻറെ ഗുണമേന്മയും അതിൻറെ കഴിവും അതിലടങ്ങിയിരിക്കുന്ന മൂല്യങ്ങളും അറിഞ്ഞു തുടങ്ങിയപ്പോൾ അതിൻറെ അടുത്തു നിന്നും മാറി പോകേണ്ടതല്ല അടുക്കേണ്ടതാണെന്ന് മനമെന്നോട്‌ പറയുകയായിരുന്നു.

അതിന്ന് ഹൃദയത്തിൽ മാണിക്യ കല്ലായി തുടിച്ചു കൊണ്ടിരിക്കുന്നത്.
അസ്തമയത്തിലേക്ക് അടുക്കാൻ വേണ്ടി ഉദിച്ച സൂര്യനാണ് നാമോരോരുത്തരും ആ സമയം എപ്പോഴാണ് സംഭവിക്കുക എന്ന് നമുക്ക് ആർക്കും അറിയില്ല അതുകൊണ്ടുതന്നെ അസ്തമിക്കും എന്ന് കരുതി ഈ സഞ്ചാരത്തിൽ എനിക്ക് ലഭിച്ച വെളിച്ചത്തെ തള്ളിക്കളയാനോ കണ്ണു മൂടിക്കെട്ടി കാണാതിരിക്കാനോ എനിക്ക് സാധിക്കില്ല.

കാരണം വളരാൻ കൊതിക്കുന്ന ഹൃദയവുമായി തുടിക്കുന്ന ഒരു ചെടിയാണ് ഞാൻ എനിക്കു വളരാൻ പാകത്തിൽ വെളിച്ചം നൽകുന്ന തെളിച്ചത്തോട് എന്തായാലും എനിക്ക് അടക്കാനാവാത്ത അഭിനിവേശം തീർച്ചയാണ്.

വെളിച്ചമേ നിന്റെ വെളിച്ചത്തിനെന്ത് തെളിച്ചം എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. പരിശുദ്ധ ഖുർആനിലെ നൂറുൻ അലാ നൂർ എന്നത് അന്വർത്ഥമാക്കുന്ന ഒരു സ്വഭാവ വിശേഷത്തിലാണ് നീ ഇപ്പോൾ എനിക്ക് മുന്നിൽ ഉള്ളത്. അതുകൊണ്ടുതന്നെ എപ്പോഴും ആ വെളിച്ചത്തെ കുറിച്ചും ആ വെളിച്ചം തരുന്ന തെളിച്ചത്തെ കുറിച്ചുമാണ് എൻറെ ഉള്ളിലെ ചിന്തകളിൽ ഉണർത്തുപാട്ടുണ്ടാവുന്നത്.

സുഹൈൽ പി.ടി
ഈത്തച്ചിറ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ