2019 ജൂലൈ 21, ഞായറാഴ്‌ച

"മരുഭൂമിയിലെ പച്ചപ്പിലൂടെയും,ഡാമിലൂടെയുമുള്ള ഉല്ലാസ യാത്ര"

"മരുഭൂമിയിലെ പച്ചപ്പിലൂടെയും,ഡാമിലൂടെയുമുള്ള ഉല്ലാസ യാത്ര"

✍️✍️സുഹൈൽ പി.ടി
ഈത്തച്ചിറ ✍️✍️

യാദൃശ്ചികമായിട്ടാണ് വ്യാഴാഴ്ച രാത്രി മുസ്തഫ കെ.ടി വിളിക്കുന്നത്. കാരണമറിയാത്ത ചില മാനസിക അസ്വസ്ഥതകൾ ഉള്ളതുപോലെ തോന്നിയതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാം എന്നുള്ള താല്പര്യത്തിൽ ആണ് വിളിച്ചത്.

അപ്പോഴാണ് പിറ്റേന്ന് കാലത്ത് വെള്ളി ഞങ്ങൾ ഒരു സ്ഥലം വരെ പോകുന്നുണ്ട് നീ പോരുന്നോ എന്നുള്ള ഒരു ചോദ്യം മുസ്തഫ സാഹിബിൽ നിന്ന് വന്നത്.പിന്നെ പോരാതെ എന്നും പറഞ്ഞു എപ്പോഴാ ഒരുങ്ങേണ്ടതെന്നും ചോദിച്ചു പോകാനുള്ള വ്യഗ്രത അറീച്ചു.

കാലത്ത് 6 മണിക്ക് തന്നെ പോകാൻ റെഡിയായി നേരെ മിസ്റ്റർ അൽവാഹ(മുസ്തഫ)യുടെ വാഹനത്തിൽ കയറി യാത്ര ആരംഭിച്ചു.

പോകുന്ന സ്ഥലം വാഹനത്തിൽ കയറിയ സമയത്താണ് അറിഞ്ഞത്. അൽഖുവാർ കൃഷി തോട്ടവും,മാർവനി ഡാമും ലക്ഷ്യമാക്കിയായിരുന്നു യാത്ര.
അസ്ഫാൻ മൃഗശാലയും,അസ്ഫാൻ കൊട്ടാരവും പിന്നിട്ട് പാറകളും മലകളും പിന്നിട്ട് അൽ ഖുവാറിൽ എത്തി.

കണ്ണിനെ വിസ്മയിപ്പിക്കുന്ന പല നാട്ടു കാഴ്ചകൾ കൊണ്ടവിടം വേറിട്ടു നിന്നു.നമ്മുടെ നാട്ടിലെ ഒരു ഗ്രാമീണ പശ്ചാത്തലം തന്നെ അവിടെ മുന്നിൽ കാണുകയുണ്ടായി.

വരുന്ന വഴിയിൽ ഒട്ടകങ്ങളുടെ നിരനിരയാട്ടുള്ള നടത്തവും,ആട്ടിൻപറ്റവും കഴിഞ്ഞു എത്തിയത് നേരെ നാടൻ കോഴിയുടെ അടുത്തേക്കും.

കൃഷി സ്ഥലത്തിലേക്ക് പ്രവേശിക്കുന്നതോടെ കൂടി അത്തിമരവും, പേരക്ക മരവും ഈത്തപ്പഴ മരവും,അത്തിപ്പഴ ചെടിയും ,പ്ലാവും ,മാവും വാഴയും ,വാഴക്കുലയും അങ്ങനെ മരങ്ങളും ചെടികളും കൊണ്ട് പച്ചപ്പും കുളിരും നിറഞ്ഞ ഒരു സാന്ത്വന ലോകത്തേക്ക് എത്തിയ പോലെ തോന്നി.നാടും ,നാടിന്റെ പച്ചപ്പും, പുൽമേടുകളുമൊക്കെയുള്ള അവിടെ വി ഹരിക്കുമ്പോൾ വാക്കിൽ കൊത്തി എടുക്കാൻ പറ്റാത്ത അനുഭവമായി.

മണലും ,മണൽക്കൂനകളും ,മലകളും, പാറക്കല്ലുകളും നിറഞ്ഞ
മരുഭൂമിയിലെ ഈ സ്ഥലത്തെ
ഒരനുഗ്രഹീത സ്ഥലമായിട്ടാണ് കാണാൻ സാധിച്ചത്.

പ്രവാചക ഹിജ്റ യാത്രയുടെ ഓർമ്മക്കുറിപ്പായി പറയപ്പെടുന്ന "ബിഅ്‌ർ തുഫൽ" എന്ന കിണറും യാത്രയിൽ കാണുകയുണ്ടായി.വലിയ ഒരു മതിൽ കെട്ടിനുള്ളിലാണിത് സ്ഥിതി ചെയ്യുന്നത് ഇപ്പോഴും ഈ കിണറിൽ വെള്ളമുണ്ട് സന്ദർശകർ അതിൽ നിന്ന് ഇപ്പോഴും വെള്ളം കോരി കുടിക്കുന്നുമുണ്ട്.

ഈ മതിൽ കെട്ടിന്റെ അകത്ത് വിസ്തൃതമായ മറ്റൊരു കിണറുണ്ട്. വലിയ കമാനത്തോടെയുള്ള ഇതിൽ വെള്ളമില്ലെങ്കിലും ചരിത്രത്തിലെ പ്രൗഢമായ ഒരു ഓർമ അവിടെയുണ്ടായിരുന്നു എന്നത് ആ കാഴ്ച്ച നമുക്ക് പറഞ്ഞു തരും. പ്രവാചക ഓർമകളുള്ള ഈ കാഴ്ച ഒരു ആത്മീയ ഉണർവ്വിന് കാരണമായി.

പ്രവാസത്തിന് പ്രയാസത്തിലൂടെ നടന്നു നീങ്ങുമ്പോൾ നേരിടുന്ന മാനസികമായ പിരിമുറുക്കങ്ങൾ ക്ക് ഒരു നല്ല ഒരു പരിഹാരമായി ഈ യാത്ര അനുഭാവപ്പെട്ടു.

അവിടെ നിന്നുള്ള ഫോട്ടോകൾ സുഹൃത്തുക്കൾ അയച്ചു കൊടുത്തപ്പോൾ അവർ ചോദിച്ചത് നീ നാട്ടിൽ പോയോ എന്നാണ്.അത്രകണ്ട് നമ്മുടെ നാടും നാടിൻറെ ഗ്രാമീണ അന്തരീക്ഷവും
ആവാഹിച്ചിട്ടുണ്ട് എന്നതാണ് സഹൃദയരുടെ അഭിപ്രായത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്.

വെണ്ട കൃഷി വേണ്ട പോലെയും,വെള്ളം കൊണ്ട് നിറഞ്ഞ ഡാമും ,വെള്ളം ഒഴുകി പോകുന്ന ചെറുകനാലും,അരുവിയും, നാട്ടിലെ തോട്ടങ്ങളിലുള്ള കിണറുമൊക്കെ കണ്ടപ്പോൾ സഊദിയിൽ തന്നെയാണോ ഞങ്ങളെന്ന് സംശയിച്ചു പോയി.

ഡാമിലെ വെള്ളക്കെട്ടിൽ ഒരു അസ്സൽ നീരാട്ടും കൂടി കഴിഞ്ഞപ്പോൾ മനസ്സിന്റെയും ശരീരത്തിന്റെയും എല്ലാവിധ പ്രയാസങ്ങളും മറന്നുപോയി.

ഓരോ യാത്രകളും ഓരോ അനുഭവങ്ങളുടെ കലവറയാണ്. പ്രശ്നങ്ങളും ,പ്രയാസങ്ങളും നേരിടുന്ന സഹൃദയർ ഏറ്റവും കൂടുതൽ മാനസിക ഉന്മേഷത്തിന് അല്ലെങ്കിൽ മാനസിക പിരിമുറുക്കങ്ങളുടെ അയവിറക്കലിന് യാത്രയെ കൂട്ട് കൂട്ടുന്നത് നല്ലതാണെന്ന പക്ഷത്താണ് ഞാൻ.

ആരോഗ്യപരമായ ഒരു ശരീരവും മനസ്സും നമുക്ക് ഉണ്ടായെങ്കിൽ മാത്രമേ നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി നമുക്ക് കൂടുതൽ കാലം അധ്വാനിച്ച് ആരോഗ്യത്തോടുകൂടി ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള ഒരു തിരിച്ചറിവ് കൂടിയാണ് യാത്രയെ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

പ്രവാസ പിരിമുറുക്കത്തിലിരിക്കുന്ന എന്റെ സഹൃദയരോട് വിനയപുരസരം പറയാനുള്ളത്.യാത്രകളിൽ ഭാഗമാവുക പുതിയ പുതിയ സ്ഥലങ്ങളും, അനുഭവങ്ങളും ഉണ്ടാക്കുക അല്ലാതെ ജോലിയും രണ്ടു നേരത്തെ ഭക്ഷണവും നാട്ടിലേക്ക് ഒരു ഫോൺ വിളിയും മാത്രം നടത്തി സമയത്തെ അതിൽ ഒതുക്കി തീർത്താൽ നാളെയുടെ പ്രവാസ തിരിച്ചു പോക്കിൽ നിങ്ങൾക്ക് ബാക്കിയാവുക എന്റെ 25 വർഷം അല്ലെങ്കിൽ 30 വർഷം എന്ന നേടുവീർപ്പ് മാത്രമാകും എന്ന് തീർച്ച.

കടമ നിറവേറ്റാൻ കടം വാങ്ങുന്ന നാം ശരീരത്തിന് കൊടുക്കേണ്ട കടമകൾ കൂടി നിറവേറ്റണം എന്നാലെ കടം വീട്ടാനുള്ള ആയുസ്സ്‌ ആരോഗ്യത്തോടെ നില നിൽക്കൂ..

ആയതിനാൽ മനസ്സിന് സന്തോഷം നൽകുന്ന ആഹ്ലാദം നൽകുന്ന സ്ഥലങ്ങളും പരിപാടികളിലും പങ്കാളിത്തം കാണിക്കുക.
അങ്ങിനെ മാനസിക ഉല്ലാസം കണ്ടെത്തി സന്തോഷിക്കുക. അങ്ങിനെ ചിരിച്ചും,ചിരിപ്പിച്ചും,ആയുസ്സ് തീരും വരെ തെളിച്ചമുള്ള വെളിച്ചമാവാൻ നമുക്ക് സാധിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ