മോൻ്റെ വരവ്
ഓരോ പ്രസവവും ഓരോ കാത്തിരിപ്പിന്റെയും സമാപനമാണ്.മാസമുറ തെറ്റിയ വിവരം കിട്ടിയത് മുതൽ പിന്നെ ചെക്ക് ചെയ്ത് അതന്നല്ലെ ഉറപ്പുവരുത്താനുള്ള ശ്രമം തുടങ്ങും.
ഉറപ്പായ അന്നുമുതൽ ഒരു കാത്തിരിപ്പിൻ്റെ ആരംഭമാണ്. ബീജമായും, മാംസപിണ്ഡമായും കുഞ്ഞിലേക്കുള്ള മാറ്റത്തിന്റെ പ്രക്രിയയുടെ ഓരോ ഘട്ടങ്ങളും മുന്നോട്ട് നീങ്ങുമ്പോൾ ഉള്ളിൽ വലിയ ഊറ്റമാണ്.
പല തവണയുള്ള സന്ദർശനവും, റിപ്പോർട്ടുകളും കഴിഞ്ഞു ഗർഭ കാലകിടത്തം നിർത്തി ഇന്നലെയവൻ പുറത്ത് വന്നു. പള്ളയിലുള്ള സമയത്തെ കാത്തിരിപ്പ് പ്രതീക്ഷ കലർന്ന കളാറായ ഒന്നായിരുന്നുവങ്കിൽ ഇന്നലത്തെ പ്രസവ മുറിയുടെ മുന്നിലുള്ള കാത്തിരിപ്പ് കൂടുതൽ മാനസിക പിരിമുറുക്കം നൽകുന്ന ഒന്നായി.
ഇന്നലെയുടെ കാലത്ത് അവളെ പ്രസവ മുറിയിലേക്ക് യാത്ര അയക്കുമ്പോ ഉള്ളിൽ കുഞ്ഞിനെ കയ്യിൽ കിട്ടുന്ന സന്തോഷവും, പ്രയാസമില്ലാത്ത പ്രസവത്തിന് വേണ്ടിയുള്ള പ്രാർത്ഥനയുമായിരുന്നു.
പ്രസവ മുറിയുടെ മുന്നിലെ വാതിൽ ഓരോ തവണ നേഴ്സ് തുറക്കുമ്പോഴും പ്രതീക്ഷയോടെ എന്നെയാണ് അവർ തിരയുന്നത് അല്ലെങ്കിൽ വിളിക്കാൻ പോകുന്നത് എന്ന ഉറപ്പിൽ ഇരിപ്പിടത്തിൽ നിന്ന് എണീക്കും,അല്ല എന്ന് മനസ്സിലാവുന്നതോടെ മനപ്രയാസത്തോടെ വീണ്ടും ഇരിപ്പിടത്തിലേക്ക്.
കാത്തിരിപ്പിൻ്റെ നിമിഷം കൂടുന്നതോടെ ഉള്ളിൽ ആശങ്കയും അങ്കലാപ്പും നിറഞ്ഞു കൊണ്ടിരുന്നു.ചെറിയ ഒരാശ്വാസം കിട്ടാൻ ഓരോ തവണ തിരക്കുമ്പോഴും ചെറിയ വേദന ഉണ്ട് ,വേദന കൂടുന്നുണ്ട് തുടങ്ങിയ വിവരങ്ങളായിരുന്നു കിട്ടിക്കൊണ്ടിരുന്നത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രസവിച്ച വിവരം കിട്ടാതായതോടെ മനസ്സിൽ വലിയ പ്രയാസം തന്നെ ഉടലെടുക്കാൻ തുടങ്ങി.നീണ്ട പതിനൊന്ന് മണിക്കൂർ കഴിഞ്ഞു മഗ്രിബ് നമസ്കാരത്തിന് പോയ സമയം ഫോണിലേക്ക് വിളി വന്നു.
പ്രസവിച്ചു "ട്ടോ"
കുട്ടി മോന് ആണ് "ട്ടോ"
ഈ രണ്ടു "ട്ടോ" യും മനസ്സിൽ കത്തിക്കൊണ്ടിരുന്ന വലിയ കനലിലേക്ക് വെള്ളം കോരി ഒഴിച്ചു. ഉള്ളിൽ ആശ്വാസത്തിൻ്റെ വെട്ടം തെളിഞ്ഞു.
പെട്ടെന്ന് തിരികെ വന്ന് കുഞ്ഞിനെ കയ്യിലെടുത്ത് ബാങ്കും, ഇഖാമതും കൊടുത്ത ശേഷം നെറ്റിയിൽ ഒരുമ്മയും.
!അൽഹംദുലില്ല !
സന്തോഷം
ഗർഭമനുഭവിക്കുന്ന നീണ്ട നാളുകളേക്കാൾ ദൈർഘ്യം കൂടിയത് പ്രസവ മുറിയുടെ പുറത്ത് പ്രസവ വിവരം കാത്ത് നിൽക്കുന്ന മണിക്കൂറുകളാണെന്നത് മനസ്സ് ഇന്നലെ സാക്ഷ്യപ്പെടുത്തി.
പുറത്തിരുന്നു വിവരം കാത്ത നമുക്കിത്ര പ്രയാസം ഉണ്ടായെങ്കിൽ ഗർഭ ധാരണം മുതൽ പ്രസവം വരേയും, അതിനു ശേഷവും നമ്മുടെയൊക്കെ ഉമ്മ,ഭാര്യ,സഹോദരിമാർ എത്രയെത്ര പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടാവണം.
എല്ലാ പ്രയാസങ്ങൾക്കും നാഥൻ അർഹമായ പ്രതിഫലവും,നമ്മുടെ പ്രിയ കുഞ്ഞുങ്ങൾക്കൊക്കെയും ആരോഗ്യം നിറഞ്ഞ ദീർഘായുസ്സും നൽകി നാഥൻ അനുഗ്രഹിക്കട്ടെ !
ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ